സഭയിൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് വിനോദ സഞ്ചാരികളാകാനല്ല, സഹോദരങ്ങളാകാനാണെന്നും പാപ്പ

പങ്കുവെക്കുന്ന കാര്യത്തിൽ അനനിയാസിനെയല്ല ബർണബാസിനെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ആത്മാർത്ഥതയില്ലാത്ത പങ്കുവെക്കലുകൾ കാപട്യത്തെ വളർത്തുന്ന ചെയ്തിയാണെന്നും പാപ്പ പറഞ്ഞു. പങ്കുവെക്കലിനെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണത്തെ അധികരിച്ച് പൊതുസന്ദർശനമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ.

ദൈവത്തിന്റെ കുടുംബം എന്ന നിലയിൽ സഭയുടെ കേന്ദ്രസ്ഥാനമാണ് ‘കൊയിനൊണിയ’ അനുഭവം. എല്ലാം പൊതുവായി വെക്കുക, പങ്കുവെക്കുക, പങ്കുചേരുക എന്നൊക്കെയാണ് ഈ ഗ്രീക്ക് പദത്തിന്റെ അർത്ഥം. പങ്കുവെക്കൽ, കർത്താവിന്റെ ശിഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ നൂതന ശൈലിയായി ഭവിച്ചു. അവർ തങ്ങൾക്കുള്ള വസ്തുക്കൾ സ്വന്തമാക്കി വെക്കാതെ പൊതുസ്വത്തായി സൂക്ഷിച്ചു.

അതുകൊണ്ടുതന്നെ അവർക്കിടയിൽ ദരിദ്രരായി ആരും ഉണ്ടായിരുന്നില്ല. ഭൗതികമായി ദാരിദ്ര്യം അനുഭവിക്കുന്നവർ മാത്രമല്ല ഇവിടെ വിവക്ഷ. ആധ്യാത്മികമായി ദാരിദ്ര്യമുള്ളവർ, പ്രശ്‌നങ്ങളാലുഴലുന്നവർ, നമ്മുടെ സാമീപ്യം ആവശ്യമുള്ളവർ എല്ലാം ഇതിൽ ഉൾപ്പെടും.

സ്വത്തു പങ്കുവെക്കലിന്റെ സമൂർത്തമായ ഒരു ഉദാഹരണം ബാർണബാസിന്റെ സാക്ഷ്യത്തിൽ നമുക്കു കാണാം. അദ്ദേഹത്തിന് ഒരു വയൽ ഉണ്ടായിരുന്നു. അതു വിറ്റ് ആ പണം മുഴുവൻ ബാർണബാസ് അപ്പസ്‌തോലന്മാരെ ഏൽപ്പിക്കുന്നു. ഇതിനു വിരുദ്ധവും നിഷേധാത്മകവുമായ ഒരു സാക്ഷ്യവും നമുക്കു കാണാം. അനനിയാസും അദ്ദേഹത്തിന്റെ പത്‌നി സഫീറയും തങ്ങളുടെ ഭൂമി വിറ്റുകിട്ടിയ പണത്തിൽ ഒരു ഭാഗം തങ്ങൾക്കായി മാറ്റിവെച്ചശേഷമാണ് ബാക്കി അപ്പസ്‌തോലന്മാരെ ഏൽപ്പിക്കുന്നത്. ഈ കപടത കൂട്ടായ്മയുടെ കണ്ണിയെ മുറിക്കുന്നു. ഇതിന്റെ അന്തരഫലം മാരകമായിരുന്നു.

പങ്കുവെക്കലിൽ ആത്മാർത്ഥതയില്ലാതെവന്നാൽ അത് കാപട്യത്തെ നട്ടുവളർത്തുകയാണ്, കൂട്ടായ്മയുടെ അഗ്‌നിയെ കെടുത്തുകയാണ്. അങ്ങനെയുള്ളവർ വിനോദസഞ്ചാരികളെപ്പോലെ സഭയിലൂടെ കടന്നു പോകുകയാണ്. നാം സഭയിൽ വിനോദസഞ്ചാരികൾ ആകുകയല്ല, മറിച്ച്, പരസ്പരം സഹോദരങ്ങൾ ആയിരിക്കുകയാണ് വേണ്ടത്. സഭയുടെ ചാരെ ആണെന്നു പറഞ്ഞുകൊണ്ട് സ്വാർത്ഥ താൽപ്പര്യപൂരണത്തിനായി പ്രവർത്തിക്കുന്നവർ സഭയെ നശിപ്പിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *